" അച്ഛാ എനിക്കൊരു സൈക്കിൾ വേണം". അമ്മൂമ്മയുടെ വീട്ടിൽ നിന്നുള്ള മടക്കയാത്രയിൽ ടൗണിലെ സൈക്കിൾ കട കണ്ടപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു.

അച്ഛൻ കീശ ഒന്നു തപ്പിനോക്കിയോ? ഇല്ല, ചിലപ്പോൾ എന്റെ തോന്നലാവാം. അച്ഛൻ അമ്മയെ ഒന്നു നോക്കി, എന്നിട്ട് പറഞ്ഞു. "അടുത്തമാസം നമുക്ക് വാങ്ങാട്ടോ."

"ആ കാണുന്നതൊക്കെ ചെറുതാണ് മോൾക്ക്. കുറച്ചു കൂടി വലിയ സൈക്കിൾ വേണ്ടേ. അടുത്തമാസം അച്ഛൻ ബാങ്കിൽ പോയി വരുമ്പോൾ വാങ്ങിത്തരാം."

അച്ഛൻ പറയുന്നത് കേട്ട് അൽപ്പം സങ്കടം തോന്നിയെങ്കിലും വിദൂരമല്ലാത്ത ഒരു സ്വപ്നം യാത്രയിലുടനീളം ഒരു ചിരി ചുണ്ടിൽ വിരിയിച്ചു.

"അമ്മേ".... ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ പരതുന്ന മകളുടെ വിളിയാണ്. "ആഹ്! പറ, എന്താ?" ഓർമ്മകൾ വിരിഞ്ഞ ചുണ്ടിലെ ചിരിമാഞ്ഞു, കൺപോളകൾ ഈറണനിഞ്ഞോ! "ആ പറ മോളേ". ഞാൻ മോളോട് പറഞ്ഞു.

"ഇതിലേതാ വാങ്ങിത്തരുക?" ഓണ്ലൈൻ സൈറ്റ് കാട്ടി അവൾ ചോദിച്ചു. ഞാൻ കണ്ണുകൾ അമർത്തി തിരുമ്മി. വലതുവശത്തെ പൂജ്യങ്ങൾ കൂടുതലായി തോന്നുന്നത് ഇനി  കണ്ണുപിടിക്കാത്തതിനാലാണോ? അല്ല തോന്നലല്ല, സത്യം തന്നെയാണ്. "പറയമ്മേ, എന്നാ വാങ്ങിത്തരിക? " "അടുത്ത മാസം." ഞാൻ യാന്ത്രികമായി പറഞ്ഞു....

കാറ്റ് വീശിയത് കൊണ്ടാണെന്നറിയില്ല,  ചുമരിൽ  തൂക്കിയിട്ട കലണ്ടറിലെ മാസങ്ങൾ വാശിയോടെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.....

      

Write a comment ...

Write a comment ...